District News
കല്ലടിക്കോട്: മീൻവല്ലം ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിനു കീഴിലുള്ള പവർഹൗസിൽ അറ്റകുറ്റപ്പണിക്കിടയിൽ യുവാവിനു പാമ്പുകടിയേറ്റു. കരാർ തൊഴിലാളിയായ കാസർഗോഡ് വെള്ളരിക്കുണ്ട് ബളാല്‍ കുഴിങ്ങാട് പാറക്കാട്ട് വീട്ടിൽ കൃഷ്ണൻ (38) നാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം.
പവർഹൗസിലേയ്ക്കുള്ള പെൻസ്റ്റോക്ക് പൈപ്പിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് പാന്പുകടിയേറ്റത്. ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. പാന്പിനെ പിടികൂടുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ വികാസ് മാർഗിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വിശ്വാസ് നഗർ സ്വദേശി നീരജ് (35) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സോനത്തിനും രണ്ട് കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റു. കാറോടിച്ച നോയിഡ സ്വദേശി സച്ചിൻ ഗുലാത്തി (45) യെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കണ്ണോട്ട് പ്ലേസിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു നീരജും കുടുംബവും. ലക്ഷ്മി നഗറിലേയ്ക്കുള്ള പാതയിൽ എത്തിയപ്പോഴായിരുന്നു സച്ചിന്റെ കാർ നീരജിന്റെ ബൈക്കിൽ ഇടിച്ചുകയറിയത്.
അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സക്കിടെ നീരജ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
കൊച്ചി: എറണാകുളം പേട്ടയിലെ മെട്രോ പില്ലറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ ഹോര്‍മിസ് മാത്യു (24) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടോടെ ചമ്പക്കര ഭാഗത്ത് മെട്രോ പില്ലര്‍ 953ന് അടുത്തായിരുന്നു അപകടം.
തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവാവിനെ ഉടന്‍ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയില്‍ നിന്നും വൈറ്റില ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Kerala
പാലക്കാട്: മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു.
വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരിൽ സെന്തിൽകുമാർ (45) ആണ് മരിച്ചത്. സംഭവത്തിൽ സെന്തിൽ കുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
District News
താമരശേരി: താമരശേരിക്ക് സമീപം മലപുറം 220 കൊട്ടാരക്കോത്ത് പുഴയില്‍ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു.
മലപുറം കൊട്ടാരക്കോത്ത് സ്വദേശി തെയ്യപ്പാറക്കല്‍ ഹുസൈന് (32) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. വൈകുന്നേരം അഞ്ചോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോർച്ചറിയിലാണുള്ളത്.
District News
അമ്പലപ്പുഴ: സ്കൂട്ടറിലെത്തിയ യുവാവിനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെൺമണി പഞ്ചായത്ത് 14-ാം വാർഡ് മാവനാടിയിൽ ഉദയകുമാർ ശിവകല ദമ്പതികളുടെ മകൻ ഉജ്വൽകുമാർ (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.45 ഓടെ പുറക്കാട് കടൽത്തീരത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മാവേലിക്കര മാങ്കാംകുഴിയിലെ സ്റ്റുഡിയോയിൽ ജീവനക്കാരനാണ്.
ബ്രയിൻ ട്യൂമർ രോഗബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഉജ്വൽ രാവിലെ 8.30 ഓടെയാണ് പുറക്കാട് സ്കൂട്ടറിൽ കടൽത്തീരത്തെത്തിയത്. ഈ സമയം ഉജ്വൽ ജോലിക്കെത്തിയില്ലെന്ന് കാട്ടി സ്റ്റുഡിയോയിൽനിന്ന് ജീവനക്കാർ വീട്ടിലേക്ക് ഫോൺ ചെയ്തു. സംശയം തോന്നിയ വീട്ടുകാർ ഉടൻ വെൺമണി പോലീസിൽ പരാതി നൽകി.
അന്വേഷണം നടത്തുന്നതിനിടെയാണ് പുറക്കാട് തീരത്ത് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി സ്കൂട്ടർ പരിശോധിച്ചപ്പോൾ സ്വിച്ച് ഓഫാക്കിയ നിലയിൽ ഉജ്വലിന്റെ ഫോൺ കണ്ടെത്തി. മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹോദരൻ: ഉധീഷ്.
Kerala
കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവാവിനെ പിതാവും സഹോദരനും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷ്(35) ആണ് മരിച്ചത്.
സന്തോഷ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സംഭവത്തിൽ പിതാവ് രാമകൃഷ്ണന്, സഹോദരന് സനല്‍ എന്നിവരെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സന്തോഷിന്റെ ആക്രമണം സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന് രാമകൃഷ്ണന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകം നടക്കുമ്പോള്‍ രാമകൃഷ്ണനും മൂത്തമകന് സനലും (36) സന്തോഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
District News
അമ്പലപ്പുഴ: മില്‍മ പാല്‍വിതരണ വാഹനത്തിന്റെ ഡോര്‍ തുറന്നു റോഡിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജിന്റെ മകന് ഉഷസാ(30)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് കാക്കാഴം മേല്‍പ്പാലത്തിലായിരുന്നു സംഭവം.
മേല്‍പ്പാലത്തിനു മുമ്പുള്ള കടയില്‍ പാലിറക്കിയശേഷം പോകുന്നതിനിടെ പാലത്തിലെ കുഴിയില്‍പ്പെട്ട് വാതില്‍ തുറന്നതോടെ ഉഷസ് റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: പ്രിയംവദ. സഹോദരങ്ങൾ: ഉണ്ണി, പരേതനായ ഉല്ലാസ്.
Kerala
മാന്നാര്‍: കാണാതായ യുവാവിനെ രണ്ട് ദിവസത്തിനുശേഷം ചതുപ്പില്‍ അവശനിലയില്‍ കണ്ടെത്തി. ബുധനൂര്‍ പടിഞ്ഞാറ് കൈലാസം വീട്ടില്‍ രമണന് നായരുടെ മകന് വിഷ്ണു നായരെ (34) യാണ് എണ്ണയ്ക്കാട് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പില്‍ അവശനിലയില്‍ കണ്ടെത്തിയത്.
ദുബായിൽ നിന്ന് ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് വിഷ്ണു വീട്ടിലെത്തിയത്. ഏഴരയോടെ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാന്‍ പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു.
ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധുക്കൾക്ക് വിളിച്ചിട്ട് കിട്ടിയില്ല. തുടർന്ന് ബന്ധുക്കള്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ ബുധനൂര്‍ പഞ്ചായത്ത് അംഗം രാജേഷ് ഗ്രാമത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ നിർണായകമായി.
ഇതിൽ ബൈക്കിൽ യാത്ര ചെയ്ത വിഷ്ണു മാവേലിക്കര കരയമട്ടം ഭാഗത്തുനിന്ന് തിരിയുന്നതായി കണ്ടെത്തി. തുടര്‍ന്ന് രാജേഷും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പില്‍ ബൈക്കും സമീപത്ത് അവശനിലയില്‍ വിഷ്ണുവിനെയും കണ്ടെത്തിയത്.
ചെട്ടികുളങ്ങരയിലേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞതാകാമെന്നാണ് നിഗമനം. വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
District News
തളിപ്പറമ്പ്: സാധനങ്ങള്‍ കടം കൊടുക്കാത്ത വരോധത്തിന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്തു. പൂട്ടിയ കടയുടെ ഷട്ടറുകളും വരാന്തയിലെ സാധനങ്ങളും വാക്കത്തികൊണ്ട് നശിപ്പിക്കുകയും ചെയ്ത യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ചൊറുക്കളയിലെ കെ. ഷൗക്കത്തലിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിനു നേരെയാണ് അക്രമം നടന്നത്. കഴിഞ്ഞ മൂന്നിന് രാത്രി 11.50 നായിരുന്നു സംഭവം.
പൊക്കുണ്ടില്‍ വാടകവീട്ടില്‍ താമസിക്കുന്ന അനീസ് എന്നയാളുടെ പേരിലാണ് കേസ്. ഭീഷണി മുഴക്കി തിരിച്ചുപോയ അനീസ് 12.20ന് തിരിച്ചുവന്നാണ് കടയുടെ ഷട്ടറുകളും വരാന്തയില്‍ വച്ച സാധനങ്ങളും നശിപ്പിച്ചത്.
Kerala
തൃശുർ: തൃശൂരിൽ പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എളവൂർ സ്വദേശി കൃഷ്ണൻ (30) ആണ് മരിച്ചത്.
ചാലക്കുടി പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അന്നനാട് ആറങ്ങാലി കടവിലാണ് അപകടം ഉണ്ടായത്.
അമ്മയുടെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു കൃഷ്ണൻ. ബന്ധുവായ കുട്ടി പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൃഷ്ണൻ അപകടത്തിൽപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു. വെള്ളിയാഴ്ച രാത്രിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് കോൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമു എന്ന യുവാവ് ക്യാമ്പിനുള്ളിൽ കടന്നത്.
ക്യാമ്പിനുള്ളിലൂടെ കിലോമീറ്ററോളം നടന്ന ശേഷമാണ് മിലിറ്ററി പോലീസ് ഇയാളെ കാണുന്നതും കസ്റ്റഡിയിലെടുത്തതും. പൂജപ്പുര സ്റ്റേഷനിലെത്തിച്ച യുവാവിനെ രഹസ്യന്വേഷണ വിഭാഗം ചോദ്യം ചെയ്യുകയാണ്.
കേരളത്തിലേക്ക് ഇയാൾ എത്തിയിട്ട് കുറച്ചധികം കാലമായെന്നും വിവിധ ജോലികൾ ചെയ്തുവരികയാണെന്നുമാണ് ലഭിക്കുന്ന വിവരം. ഉന്നത ഉദ്യോഗസ്ഥർ യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Kerala
കാസര്‍ഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മംഗളൂരു സ്വദേശി നൗഫലാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് സിറിഞ്ചും വാഹനത്തിന്റെ താക്കോലും കണ്ടെത്തി.
നൗഫല്‍ മംഗളൂരുവില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് കൊലക്കേസിലടക്കം ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ മംഗളൂരു കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.